Saturday, September 12, 2020

നീ മാത്രം

 

തീയതി 📆 : 19-08-2017 
സ്ഥലം🏠    : ഉദുമ, കാസർഗോഡ്         
എഴുത്ത്‌ ✍: സുജിത സുനീഷ്. 


 

നീ മാത്രം

എന്നുമെൻ പ്രാണനിൽ പെയ്തുതോർന്നൊരു 

മഴയായി നീയിന്നു മാറിയെങ്കിൽ

കണ്ണീരുമായ്ക്കുന്ന കനകനിലാവായ്

ഈ രാവിൽ നീയിന്ന് വന്നുവെങ്കിൽ

 

മൃദു ചുംബനംകൊണ്ട് മൂടുവാനായി

ഞാൻ പൂമുഖത്തൊറ്റയ്ക്കിരുന്നേനെ

അറിയാതെ നെഞ്ചിൽ പിടയുന്ന മൗനം

ഒന്നിച്ചടർന്നങ്ങ് പോകുമ്പോഴും

 

ആ മൗനം നോക്കിയിരിക്കാൻ ആ നെഞ്ചിൽ തലചേർത്തിരിക്കൻ

ഒന്നിച്ചുചേർന്നങ്ങിരിക്കാൻ ഒന്നായി അലിഞ്ഞലിഞ്ഞ്........

 

ഈ മുറിക്കുള്ളിൽ ഈ ജനാലയ്ക്കരികിൽ

ഈ പാതിരാവിൽ ഏകയായ് മൂകയായ്

അറിയാതെ നെഞ്ചം തുടിക്കുമ്പോഴും

ഈ ശ്വാസം എന്നിൽ നിന്നു മറയുമ്പോഴും

 

നീ മാത്രം.. നീ മാത്രം... നീ മാത്രം..............    


Saturday, September 5, 2020

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ഞാനും

Date 📆: 19-August- 2020

Place 🏠: Abu Dhabi, UAE 

Writer✍: Suneesh C S

FB Page: Suneesh C S

 

 ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ഞാനും


         സ്വാതന്ത്ര്യസമരം പിരിമുറി കൊണ്ടിരിക്കുന്ന സമയം, എങ്ങും മുദ്രാവാക്യം വിളികൾ കൊണ്ട് മുഖരിതം. അന്നും ഞാൻ പതിവുപോലെ രാവിലെ നേരത്തെ ഉണർന്നു, സൂര്യൻ ഉണർന്നുതുടങ്ങുന്നതേയുള്ളൂ പ്രാകാശത്തിന്റെ കണികകൾ അങ്ങിങ്ങായി ചിതറിക്കിടക്കുന്നു, അതിൽ ഒരു ചെറുകണം എന്റെ കുടിലിന്റെ ഓലമേഞ്ഞ മേൽകൂരയ്ക്കിടയിലൂടെ എന്റെ കാൽപ്പാദങ്ങളിൽ വന്നുപതിച്ചു. സ്വർണവർണമുള്ള രശ്മികൾ, ഞാനതിനെ തന്നെ നോക്കി നിന്നു, വല്ലാത്തൊരാകർഷണീയത, ആ ചെറുകണം വളരെ പെട്ടെന്ന്തന്നെ എന്റെ കുടിലിനെ പ്രകാശഭരിതമാക്കി. ഞാൻ പിന്നെ വൈകിച്ചില്ല പുതപ്പ് മാറ്റി പതുക്കെ എഴുന്നേറ്റു, പുതപ്പും, പായയും മടക്കി അത് കുടിലിന്റെ ഒരു മൂലയിൽ കൊണ്ടുവച്ചു പുറത്തേക്ക്ഇറങ്ങി,  മുളയുടെ കഴുക്കോലിൽ തൂക്കിഇട്ട  ചെറിയ മൺകുടത്തിൽ നിന്നും ഉമിക്കരി ഉള്ളംകൈയിലെടുത്ത്  പല്ലുവെളുപ്പിക്കായി വീടിന്റ്റെ മറുവശത്തേക് നടന്നു. കുറച്ച് ഉമിക്കരി ഞാൻ വായിലിട്ട് ചൂണ്ടുവിരൽ കൊണ്ട് പല്ല് തേക്കാൻ തുടങ്ങി, “ഏടാ നീയെന്താ സ്വപ്നം കാണുവാണോ, വേഗം പല്ല്തേക്ക്” അപ്പുറത്തുനിന്നും അമ്മയാണ് പറഞ്ഞത്, വിരൽ വായിലിട്ട് എവിടെയ്ക്കോ നോക്കി എന്തൊ ചിന്തിച്ചുകൊണ്ടുള്ള ആ നിൽപ്പ് കണ്ടിട്ടാണ് അമ്മ അങ്ങനെ പറഞ്ഞത്, സത്യത്തിൽ അമ്മയുടെ ആ വിളികൊണ്ടാണ് എനിക്ക് സ്ഥലകാലബോധം വീണ്ടുകിട്ടിയത്.  ശരിയാണ് ഞാൻ എന്തൊക്കെയോ ചിന്തിക്കുകയായിരുന്നുഇന്ത്യൻ സ്വതന്ത്രസമരത്തെകുറിച്ച് വളരെ പരിമിതമായ അറിവേ ഒരു നാലാം ക്ലാസ്സ്കാരനായ എനികുളളൂ, സ്വാതന്ത്ര്യം എന്താണെന്നോ, എന്തിനാണ് നമുക്ക് സ്വാതന്ത്ര്യം വേണ്ടത് എന്നൊക്കെ ഞാൻ  ഘാടമായി ചിന്തിക്കുകയായിരുന്നു. അമ്മയുടെ വിളികേട്ടതും ഞാൻ പല്ല്തേപ്പ് അവസാനിപ്പിച്ച് പുറത്തു തെങ്ങിനു സമീപത്തായി ഒരു മൺതൊട്ടിയിൽ നിറച്ചുവച്ച വെള്ളം കോരി, കരിനിറഞ്ഞ എന്റെ വായും, പല്ലും ഒക്കെ  വൃത്തിയാക്കി, മുഖവും കഴുകി അമ്മയുടെ അടുത്ത് ചെന്നു.

അമ്മ അച്ഛനുകൊണ്ടുപോകാനുള്ള ഭക്ഷണം തയ്യാറാക്കുന്ന തിരക്കിലായിരുന്നു. കുടിലിന് വെളിയിലുള്ള അടുപ്പിൽ ഒരു മൺചട്ടിയിൽ അരി തിളയ്ക്കുന്നുണ്ട്, അതിനടുത്ത് ഒരു മുറത്തിൽ അമ്മ കുറച്ചു ചീര മുറിച്ച് വച്ചിട്ടുണ്ട്, എന്നെ കണ്ടതും അമ്മ ഒരു പൊതിയും ചെറിയ തൂക്കുപാത്രവും എന്റെ കൈയിൽ തന്നു, പൊതിയിൽ മരച്ചീനി പുഴുങ്ങിയതും  പത്രത്തിൽ കുറച്ചു കട്ടൻചായയുമാണ്, അമ്മ അച്ഛനു കൊടുക്കാൻ തന്നതാണ്. അച്ഛന് കൃഷിപ്പണിയാണ് സൂര്യൻ ഉദിക്കുന്നതിന് മുൻപുതന്നെ അച്ഛൻ പാടത്തേക്ക് പോവും, നാലഞ്ചു കിലോമീറ്റർ ദൂരമുണ്ട് ഇവിടുന്ന്. എല്ലാ ദിവസവും ഞാനാണ് അച്ഛന് ചായ കൊണ്ട്പോയി  കൊടുക്കുന്നത്, അത് കഴിഞ്ഞാണ് ഞാൻ  സ്കൂളിൽ പോവാറ്. ഉച്ചഭക്ഷണം അമ്മ കൊണ്ടുപോകും, പിന്നെ അമ്മയും പാടത്തെ പണിക്കിറങ്ങും സന്ധ്യകഴിഞ്ഞേ രണ്ടുപേരും മടങ്ങിവരൂ. അമ്മയുടെ കൈയിൽ നിന്നും അതും വാങ്ങി ഞാൻ നടന്നു. മൺവെട്ടിയ പാതയിലൂടെയാണ് യാത്ര, വലിയ നെൽപ്പടങ്ങൾക്കിടയിലൂടെ മണ്ണ് വെട്ടി  കാളവണ്ടികൾ പോകുമാറ് ഒരു പാത ആക്കിട്ടുണ്ട്, അതിലൂടെ പോയിവേണം അച്ഛന്റെ അടുതെത്താൻ. ആ പാത വെട്ടിപ്പൊളിച്ചത് ഈ അടുത്തിടെയാണ് ആ മണ്ണിന് പുതുമയുടെ ഒരു ഗന്ധമുണ്ട്, അന്ന് ഇവിടെവന്ന സോഷ്യലിസ്റ്റ് നേതാവിൽ നിന്നും ആണ് ഞാൻ ആദ്യമായി  സ്വാതന്ത്ര്യത്തെക്കുറിച്ചും, അതിന്റെ ആവിശ്യകതയെക്കുറിച്ചും കേൾക്കുന്നത്, അദ്ദേഹത്തിന്റെ പ്രസംഗം എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു.

A.K.G

 സൂര്യൻ ഉണർന്നിരിക്കുന്നു പ്രകാശത്തിന് ഇത്തിരി കാഠിന്യം കൂടിവന്നു,  അവൻ മലവിട്ട് അങ്ങ് ആകാശത്തേക്ക് നീങ്ങുകയാണ്, വിശാലമായ പാടശേഖരം കഴിഞ്ഞാൽ പിന്നെ കാടും മലയുമാണ്, ഈ കാടിന് സമീപത്താണ് അച്ഛൻ നെൽപ്പാടം പാട്ടത്തിനെടുത്തിരിക്കുന്നത്. സ്വന്തമായി ഭൂമി ആർക്കും ഇവിടെ ഇല്ല, എല്ലാം ജന്മി തബ്രാക്കന്മാരുടേതാണ്, കഷ്ടപ്പെട്ട് വിയർപ്പൊഴുക്കി കൃഷിചെയ്ത് ഉണ്ടാക്കുന്നത്തിന്റെ ഒരു ഭാഗം തബ്രാക്കന്മാർക്ക് കൊടുക്കണം, എന്തൊരുഅനീതി, എനിക്ക് അതിനോട് അമർഷമായിരുന്നു. അച്ഛൻ എന്നെ ദൂരെവച്ച് കണ്ടതുകൊണ്ടാണോ എന്തോ, പണി നിർത്തി ഒരു മരത്തിനടിയിൽ വിശ്രമിക്കുകയായിരുന്നു, ഞാൻ അച്ഛന്റെ അടുത്തുചെന്ന് അമ്മതന്നയച്ച മരച്ചീനി പുഴുങ്ങിയതും ചായയും കൊടുത്തു.  അച്ഛൻ നല്ലപോലെ  വിയർത്തിരുന്നു, മുഖത്തുനിന്നും ഉതിർന്നു വീഴുന്ന ആ വിയർപ്പ് ഒപ്പികൊണ്ട് അച്ഛൻ ചോദിച്ചു “മോൻ കഴിച്ചോ,” ഞാൻ ഇല്ലെന്ന് തലയാട്ടി, അച്ഛൻ എന്നെ അടുത്തേക്ക് വിളിച്ച് രണ്ടു വായ് മരച്ചീനിവായിലിട്ട് തന്നു, അച്ഛന്റെ കൈയിൽനിന്നും അങ്ങനെ വാങ്ങി കഴിക്കാൻ  വല്ലാത്തൊരു അനുഭൂതിയാണ്. അതും വാങ്ങിക്കഴിച്ച് ഞാൻ അച്ഛനോട് യാത്ര പറഞ്ഞ് വീട്ടിലേക്കുതിരിച്ചു. 

വീട്ടിലെത്തി ഭക്ഷണംകഴിച്ച് വേണം സ്കൂളിൽ പോവാൻ, അതുകൊണ്ട് തിരിച്ച് വീട്ടിലേക് ഒരു ഓട്ടമായിരുന്നു. ആ ഓട്ടം അവസാനിച്ചത് വീട്ടിനടുത്തുള്ള ഒരു കുളത്തിന്റെ അടുത്തുവച്ചാണ്. അച്ഛന്റെ അടുത്ത് പോവുമ്പോഴേ ഒരു തുണി ഞാൻ കരുതിയിരുന്നു. കുളത്തിൽ ഇറങ്ങുബോഴേക്കും ഞാനാകെ വിയർത്തുകുളിച്ചിരുന്നു, വള്ളിനിക്കർ മാറ്റി തുണി ഉടുത്ത് കുളത്തിലേക്ക് ചാടി ആസ്വദിച്ചുകുളിച്ചു. എന്നും ഇങ്ങനെയാണ്, പിന്നെ കുളത്തിലെ കുളി ഞാൻ നന്നായി ആസ്വദിക്കുന്നു. കുളി കഴിഞ്ഞ് ഞാൻ വീട്ടിൽചെന്ന് ഇരുമ്പ് പെട്ടിത്തുറന്ന് അതിൽനിന്നും എന്റെ വള്ളിനിക്കറും ഒരു പഴയകുപ്പായവും എടുത്തിട്ടു, പ്രാതൽ കഴിക്കാനായി അമ്മയുടെ അടുത്തുചെന്നു. അമ്മ അപ്പോഴേക്കും ഒരു പാളപാത്രത്തിൽ മരച്ചീനി പുഴുക്കും ഒരു ഗ്ലാസിൽ കട്ടൻ ചായയും വച്ചിട്ടുണ്ടായിരുന്നു ഞാൻ അതെടുത്ത് കഴിച്ച് അമ്മയോട് യാത്രപറഞ്ഞ് സ്കൂളിലേക് യാത്രയായി. 

സ്കൂൾ പോകുന്നവഴിക്കാണ് അപ്പുണ്ണിയുടെ വീട്, അപ്പുണ്ണി എന്റെ കൂട്ടുകാരനാണ് ഞങ്ങൾ ഒരേ പ്രായക്കാരാണ്, 12 വയയസ്സാണ് ഞങ്ങൾക്ക്, ആ പ്രദേശത്ത് സ്കൂൾ വരാൻ വൈകിയത് കൊണ്ട് ഞാനും അവനും എട്ടാമത്തെ വയസ്സിലാണ് സ്കൂളിൽ ചേരുന്നത് അന്ന് മുതലുള്ള കൂട്ടാണ്. അവന്റെയും ചെറിയൊരു ഓലമേഞ്ഞ കുടിലാണ്. ഇന്നും പതിവ്തെറ്റിച്ചില്ല ഞാൻ അവിടെ എത്തുമ്പോഴേക്കും അവൻ എന്നെ കാത്തുനിൽക്കുന്നുണ്ടായിരുന്നു, എന്നെ കണ്ടതും അവൻ അമ്മയോട് യാത്രപറഞ്ഞ് എന്റെ അടുത്തേക്ക് വന്നു. ഞാൻ അവനെയുംകൂട്ടി സ്കൂളിലേക് യാത്രതുടർന്നു. കൈയ്യിൽ സ്ലേറ്റും, ഒന്നു രണ്ട് പുസ്തകവും , പിന്നെ അമ്മ വാഴയിലയിൽ പൊതിഞ്ഞുതന്ന ഉച്ചഭക്ഷണവും ഉണ്ട്. അതുംകൊണ്ട് ഞങ്ങൾ ആടിപാടി നടന്നു, ആ സമയത്താണ് അതുവഴി ദാമുയേട്ടന്റെ കാളവണ്ടി വന്നത് സ്ലേറ്റും, പുസ്തകവും, പൊതിയും കാളവണ്ടിയിൽവച്ച് പുറകുവശത്ത്  തൂങ്ങിക്കളിച്ചൊണ്ട് കാളവണ്ടിയുടെ കൂടെ ഞങ്ങൾ പോന്നു. സ്കൂൾ എത്താറായപ്പോൾ പുസ്തകങ്ങൾ എല്ലാം എടുത്ത് ദാമുയേട്ടനോട് യാത്രപറഞ്ഞ് പിരിഞ്ഞു. 


മണ്ണുകൊണ്ട് ചുവരുകെട്ടി പുല്ല്മേഞ്ഞതാണ് സ്കൂൾ, അവിടെ നാലാം ക്ലാസ്സുവരെയെഉള്ളൂ, ഹൈസ്കൂൾ വളരെദൂരെയാണ്. സ്കൂളിൽ എത്തിയതും ബെല്ലടിച്ചു ഞങ്ങൾ എല്ലാവരും ക്ലാസ്സിൽ ഇരുന്നു, ക്ലാസ്സിൽ ആകെ ഇരുപത് പേരെയുള്ളൂ പെൺകുട്ടികൾ രണ്ട്പേർ മാത്രം. ഞാനും അപ്പുണ്ണിയും അടുത്തടുത്താണ് ഇരിക്കുന്നത്, ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയ്ക്കാണ് മലയാളം പടിപ്പിക്കുന്ന ഗോവിന്ദൻപിള്ള സാർ ക്ലാസ്സിൽ കേറിവന്നത്, കൈയ്യിൽ കുറച്ചുപുസ്തകങ്ങളും ഉണ്ട്. ഞങ്ങൾ എല്ലാവരും എഴുന്നേറ്റ്നിന്ന് മാഷിന് നമസ്ക്കാരം പറഞ്ഞു, മാഷ് ഇരിക്കാൻ പറഞ്ഞതിൻപ്രകാരം എല്ലാവരും ഇരുന്നു. സ്വാതന്ത്ര്യസമരം പിരിമുറി കൊണ്ട സമയമായിരുന്നു, ഗാന്ധിജിയുടെ Quit India പ്രഖ്യാപനം ജനങ്ങൾക്കിടയിൽ സ്വാധീനം ചെലുത്തി തുടങ്ങിവരുന്ന സമയം, “ബ്രിട്ടീഷുകാർ ഇന്ത്യ വിടുക”, എന്ന മുദ്രാവാക്യം മുഴങ്ങികൊണ്ടിരുന്ന സമയം. അതിന്റെ ഒക്കെ പ്രതിഫലനമാണ് എനിക്കുമുണ്ടായിരുന്നത്, ഗോവിന്ദൻപിള്ള സാറും കുറെ സ്വാതന്ത്ര്യസമരങ്ങളിലെല്ലാം പങ്കെടുത്തിട്ടുണ്ട് സ്വാതന്ത്ര്യത്തിൻറ്റെ ആവിശ്യകതയെക്കുറിച്ച് രാത്രി പകൽ ഭേദമന്യയേ  ജനങ്ങൾക്ക് ക്ലാസ്സുകൾഎടുക്കാറുണ്ട്. സമരത്തിൻറ്റെ അവിശ്യകതയും അതിൽ പുരുഷന്മാർ, സ്ത്രീകൾ, വിദ്യാർഥികൾ എന്നുവേണ്ട ഇന്ത്യയിലെ എല്ലാ പൌരന്മാരും അണിച്ചേരേണ്ടത്തിന്റെ ആവിശ്യകതയെ കുറിച്ചുള്ള ഗാന്ധിജിയുടെ പ്രസംഗം പുറത്തുവന്ന് കുറച്ചുദിവസങ്ങളെ ആവുന്നതേഉള്ളൂ, അത് പറഞ്ഞുകൊണ്ടുതന്നെയാണ് അദ്ദേഹം ക്ലാസ് തുടങ്ങിയതും, എന്താണ് സ്വാതന്ത്ര്യം എന്നും, ആരിൽ നിന്നുമാണ് നമുക്ക് സ്വാതന്ത്ര്യം വേണ്ടത്, നമ്മുടെ അവകാശങ്ങളെക്കുറിച്ചും, ബ്രീട്ടീഷുകാരെ കുറിച്ചും വളരെ വിശദമായി കുട്ടികളായ ഞങ്ങൾക്ക് മാഷ് പറഞ്ഞുതന്നു. ഒരുതരത്തിൽ എന്റെ സംശയങ്ങളുടെ ദൂരീകരണമാണ് അന്ന് അവിടെനടന്നത്. സ്വാതന്ത്ര്യസമരത്തിൽ എനിക്കും പങ്കെടുക്കണം,  എന്നെ കൊണ്ടാവുന്നത് എനിക്ക് ചെയ്യണമെന്ന് മനസ്സിൽ ദൃഡപ്രതിജ്ഞ എടുത്തു. മാഷ് ക്ലാസ് തുടർന്നുകൊണ്ടിരുന്നു പിന്നെ പറഞ്ഞത് മലയാള സാഹിത്യം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ വഹിക്കുന്ന പങ്കിനെ കുറിച്ചാണ്, ആശാൻ,ഉള്ളൂർ, വള്ളത്തോൾ, ജി. ശങ്കരക്കുറുപ്പ്, പി. കുഞ്ഞിരാമൻനായർ, ചങ്ങബുഴ കൃഷ്ണപ്പിള്ള, വൈലോപ്പള്ളി ശ്രീധരമേനോൻ, ഇടശ്ശേരി ഗോവിന്ദൻനായർ, എൻ. വി കൃഷ്ണവാര്യർ, ബാലാമണിഅമ്മ, ബോധേശ്വരൻ, വെണ്ണിക്കുളം, ഒളപ്പമണ്ണ, പി. ഭാസ്ക്കരൻ, അക്കിത്തം, എം. പി അപ്പൻ, കുട്ടമ്മത്ത്, അംശി നാരായണപിള്ള തുടങ്ങിയ മലയാള സാഹിത്യത്തിലെ പ്രഗൽഭരെ കുറിച്ചും അവരുടെ കവിതകളും അവർ സമൂഹത്തിൽ വരുത്തിയ സ്വാധീനത്തെ കുറിച്ചും മാഷ് വിവരിക്കാൻ തുടങ്ങി. 

Malayalam Poets

അന്ന് നാടിന്റെ മുക്കിലും മൂലയിലും കേൾക്കാറുള്ള, ഞാൻ പലപ്പോഴും കേട്ടിട്ടുള്ള അംശി നാരായണപിള്ളയുടെ “വരിക വരിക സഹജരേ സഹനസമര സമയമായ്” എന്ന ദേശസ്നേഹം തുളുമ്പുന്ന കവിത  ച്ചോല്ലി കൊണ്ടാണ് മാഷ് തുടങ്ങിയത്.

          വരിക വരിക സഹജരേ സഹനസമര സമയമായ്

കരളുറച്ച് കൈകള് കോർത്ത് കാൽനടക്കു പോകനാം

ബ്രിട്ടനെ വിരട്ടുവിൻ ചട്ടമൊക്കെ മാറ്റുവിൻ

ദുഷ്ടനീതി വിഷ്ടപത്തിലോട്ടുമെ നിലച്ചിടാ

 

എത്രനാലിന്നടിമയായ് കിടക്കണം സഖാക്കളെ

പുത്ര പൌത്രരെങ്കിലും സ്വതന്ത്രരായ് വരേണ്ടയോ

ശതഭയം ചരിക്കനാം ഗരുഡതുല്യവേഗരായ്

സഹഗമിക്ക സഹഗമിക്ക സഹഗമിക്ക ധീരരെ. 

ധീരരെ ധീരരെ

വരിക വരിക സഹജരേ സഹനസമര സമയമായ്

കരളുറച്ച് കൈകൾകോർത്ത് കാൽനടക്കു പോകനാം

 

 

എത്രപേർ രണത്തിലാണ്ടു മൃത്യുവേറ്റിടുന്നു നാം

തത്രചെന്നു മൃത്യയുദ്ധമിക്ഷണം ജയിക്കണം

വെടികൾ അടികൾ അടികളൊക്കെ വന്നുമേത്തു കോള്ളുകിൽ

പൊടിതുടച്ചു ചിരിചിരിച്ചു മാറുകാട്ടി നിൽക്കണം

ധീരരെ ധീരരെ

വരിക വരിക സഹജരേ സഹനസമര സമയമായ്

കരളുറച്ച് കൈകൾകോർത്ത് കാൽനടക്കു പോകനാം

 

 

ശക്തിയില്ല തോക്കുമില്ല എങ്കിലും കരങ്ങളിൽ

രക്തമുള്ള നാൾ വരെ നമുക്ക് യുദ്ധമാടണം

തത്ര തോക്കു കുന്തമീട്ടിയൊന്നുമില്ലയെങ്കിലും

ശത്രുതോറ്റു മണ്ടിടുന്നതെത്രയെത്ര അത്ഭുതം.

ധീരരെ ധീരരെ

വരിക വരിക സഹജരേ സഹനസമര സമയമായ്

കരളുറച്ച് കൈകൾകോർത്ത് കാൽനടക്കു പോകനാം

 

 

തീയപുലയരാദിയായ സാധു ജനതയെ ബലാൽ

തീയിലിട്ടു വാട്ടിടുന്ന ദുഷ്ടരോടെതിർക്കണം

വിജയമെങ്കിൽ വിജയവും മരണമെങ്കിൽ മരണവും

ഭയവിഹീനമഖിലജനവും ആഗ്രഹിച്ചിറങ്ങണം

ധീരരെ ധീരരെ

വരിക വരിക സഹജരേ സഹനസമര സമയമായ്

കരളുറച്ച് കൈകൾകോർത്ത് കാൽനടക്കു പോകനാം


 

ഉപ്പുനാം കുറുക്കണം ആരുവന്നെതിർക്കിലും

അല്പവും കൊടുത്തിടാതെ കോപിയാതെ നിൽക്കണം

വിജയമെങ്കിൽ വിജയവും മരണമെങ്കിൽ മരണവും

ഭയവിഹീനമഖിലജനവും ആഗ്രഹിച്ചിറങ്ങണം

ധീരരെ ധീരരെ

വരിക വരിക സഹജരേ സഹനസമര സമയമായ്

കരളുറച്ച് കൈകൾകോർത്ത് കാൽനടക്കു പോകനാം 

മാഷ് കവിത ചൊല്ലിതീരുന്നതുവരെ കണ്ണിമചിമ്മാതെ, കാതുകൂർപ്പിച്ച്, വളരെ ശ്രദ്ധയോടെ ഞങ്ങൾ എല്ലാം കേട്ടിരുന്നു. മാഷ് ഓരോ വരികൾ ചൊല്ലുമ്പോഴും വരികളുടെ അർഥം വിവരിക്കുമ്പോഴും എന്റെ രക്തം തിളക്കുകയായിരുന്നു. ഉച്ചവരെ ക്ലാസ് അങ്ങനെ തുടർന്നു, ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് തൊട്ട് മുൻപ് ഹെഡ്മാഷ് ക്ലാസ്സിൽവന്ന് ഒരു പ്രത്യാകകാര്യം ഞങ്ങളെ അറീയിച്ചു. അന്ന് ഉച്ചയ്ക്ക്ശേഷം നമ്മുടെ സ്കൂളിൽ അറിയപ്പെടുന്ന സാഹിത്യനിരൂപകനും, പൊതുപ്രവർത്തകനും, പ്രഫസറും ആയ മുണ്ടശ്ശേരി മാഷിന്റെ (ജോസഫ് മുണ്ടശ്ശേരി) ഒരു പ്രഭാഷണം ഉണ്ട് എന്നും, അത് സ്കൂളിന് തൊട്ടുള്ള കേരള വായനശാലയുടെ സഹകരണത്തോടെ പ്രദേശത്തെ മുതിർന്നവരെയും, യുവാക്കളെയും, സംഘടിപ്പിച്ചുകൊണ്ട് ഇന്ത്യൻ സ്വാതന്ത്ര്യസമരവും യുവാക്കളും എന്ന വിഷയത്തിൽ ജനങ്ങളിൽ സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള അവബോധം ഉണർത്താനും, അവരെ സ്വാതന്ത്ര്യസമരത്തിൻറ്റെ ഭാഗമാക്കാനും ഉദേശിച്ചുകൊണ്ടുള്ളതായിരുന്നു എന്ന് ഹെഡ്മാഷ്ഞങ്ങളോടായി പറഞ്ഞു. അതും പറഞ്ഞ് അദേഹം ക്ലാസ്സ് വിട്ടിറങ്ങി, ഞങ്ങൾ ഉച്ചഭക്ഷണത്തിന് പരിഞ്ഞു. 

 

ഞങ്ങളെല്ലാവരും ഭക്ഷണം കഴിക്കാനായി കൊണ്ടുവന്ന ഭക്ഷണപൊതിയുമെടുത്ത് സ്കൂളിന്റെ ഒരു വശത്തുള്ള വലിയ അരയാൽ മരത്തിന്റെ ചുവട്ടിലേക് നടന്നു. അപ്പുണ്ണിയും എന്റെ കൂടെതന്നെയുണ്ട്, അങ്ങനെ നടക്കുമ്പോഴും എങ്ങനെ ഞാൻ സ്വാതന്ത്ര്യസമയത്തിൽ പങ്കെടുക്കും എന്നായിരുന്നു മനസ്സ് നിറയെ, പിന്നെ മലയാളം മാഷ് പാടി പടിപ്പിച്ച വരിക വരിക സഹചരേ എന്ന ദേശസ്നേഹംസ്ഫുരിക്കുന്ന പാട്ടും. ഞങ്ങൾ ഭക്ഷണം കഴിക്കുന്നതിനിടയ്ക്കാണ് ഒരു വെള്ള മുണ്ടും, വെള്ള ഷർട്ടും, കറുത്ത കണ്ണടയും ധരിച്ച ഒരു മദ്ധ്യവയസക്കനായ വ്യക്തി ഹെഡ്മാഷിന്റെ മുറിയിലേക് പ്രവേശിക്കുന്നത് എന്റെ ശ്രദ്ധയിൽപെട്ടത്.  അത് മുണ്ടശ്ശേരിമാഷായിരിക്കും എന്നുഞാൻ മനസ്സിൽ കരുതി, കുറച്ചു സമയം കഴിഞ്ഞപ്പോൾതന്നെ ആ പ്രദേശത്തെ കുറച്ച് ചെറുപ്പക്കാർ വന്ന് ഞങ്ങളുടെ ക്ലാസ്മുറികളെ തമ്മിൽ വേർതിരിക്കുന്ന ബോർഡുകൾ മാറ്റി ഞങ്ങളുടെ ബെഞ്ചുകൾ എല്ലാം നേരെവച്ച് എല്ലാവര്ക്കും ഇരിക്കാൻ പാകത്തിലാക്കി ഒരു വേദി അവിടെ ഒരുക്കി. വിശിഷ്ട വ്യക്തികൾക്ക് ഇരിക്കാനായി നാലു കസേരയും അതിന് കുറച്ചുമൂന്നിൽ മദ്യത്തിലായി ഒരു മൈക്കും സെറ്റ് ചെയ്തിട്ടുണ്ട്. ഞങ്ങൾ കുട്ടികൾ എല്ലാരും ഉച്ചഭക്ഷണം കഴിഞ്ഞ് വേദിയുടെ മുന്നിലെ ബെഞ്ചിൽ ഇരിപ്പുറപ്പിച്ചു. കുറച്ച്സമയത്തിനകം തന്നെ ആമുറി പ്രദേശവാസികളെ കൊണ്ട് നിറഞ്ഞു, വേദിയിലേക് വിശിഷ്ടാതിഥി  കടന്നു വന്നു കൂടെ ഹെഡ്മാഷും, മലയാളം മാഷും, പിന്നെ നാട്ടിലെ അറിയപ്പെടുന്ന പൊതുപ്രവർത്തകനായ കുഞ്ഞബുയേട്ടനും ഉണ്ട്. അവർ വേദിയിലിരുന്നു ഹെഡ്മാഷ് സ്വാഗതം പറഞ്ഞ് മുണ്ടശ്ശേരി മാഷെ പ്രസംഗിക്കാനായിക്ഷണിച്ചു അപ്പോഴേക്കുംഎന്റെ മനസ്സ്നിറയെ ജിജ്ഞാസ കൊണ്ട് നിറഞ്ഞിരുന്നു, മുണ്ടശ്ശേരി മാഷ് എന്തായിരിക്കും സംസാരിക്കാൻ  പോവുന്നത് എനിക്ക് കുറച്ചു കൂടികാര്യങ്ങൾ അറിയാൻ സാധിക്കുമല്ലോ എന്നെല്ലാം ആലോചിച്ച് ആഹ്ളാദഭരിതനായിരുന്നു ഞാൻ. 


ഹെഡ്മാഷ് ക്ഷണിച്ചതിൻപ്രകാരം മുണ്ടശ്ശേരിമാഷ് പ്രസംഗിക്കാൻ ആയി എഴുന്നേറ്റ് മൈക്കിന്റെ അടുത്തേക്ക് വന്നുനിന്നു, ഞങ്ങളെ നോക്കി "കുട്ടികളേ" എന്നു വിളിച്ചാണ് അദേഹം തുടങ്ങിയത്, വളർന്നുവരുന്ന നിങ്ങളാണ് ഈ നാടിന്റെ ശക്തി എന്നും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ കുട്ടികൾ അണിച്ചേരേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വിവരിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യസമരം എന്താണെന്നും, ബ്രീടീഷുകാർ നടത്തുന്ന അതിക്രമങ്ങളും, സ്വാതന്ത്ര്യംനേടാൻ നാം ഒന്നിച്ച്നിൽക്കേണ്ടതിനെക്കുറിച്ചും വളരെ തന്മയാത്തതോട്കൂടി മാഷ് വിവരിച്ചുതന്നു. പ്രസംഗത്തിൽ ദേശീയ നേതാക്കളെകുറിച്ചും, സ്വാതന്ത്ര്യസമരത്തിൽ കൃത്യമായി  അവരെന്താണ് ചെയ്യുന്നത്തന്നും അദ്ദേഹം പറയുകയുണ്ടായി. ഗാന്ധിജി, വല്ലഭായിപട്ടേൽ, ജാവാഹർലാൽ നെഹ്രു, ബാലഗംഗാതരതിലക്, സുഭാഷ്ചന്ദ്രബോസ്സ്, ഭഗത്സിംഗ്, ചന്ദ്രശേഖർആസാദ്, ബി. ആർ അംബേദ്ക്കർ, സരോജിനിനായിഡു, ബിബിൻചന്ദ്രപാൽ, ഘാൻഅബ്ദുൽഘാഫർഖാൻ, അങ്ങനെ അന്ന് ദേശീയ നേതൃത്വനിരയിൽ കത്തിജ്വലിച്ചു നിന്ന നേതാക്കളെക്കുറിച്ചും, അവർ നടത്തിയ സമരങ്ങളെ കുറിച്ചും ആയിരുന്നു അദ്ദേഹം അധികം സംസാരിച്ചത്. പലകാര്യങ്ങളും എന്റെ ഭാവനയ്ക്ക് അതീതമാണെന്ന് എനിക്ക് തോന്നിയിരുന്നു, അതുകൊണ്ടുതന്നെ ഞാൻ എനിക്ക് വേണ്ടപ്പെട്ടതെല്ലാം ഒരു പുസ്തകത്തിൽ പകർത്തികൊണ്ടിരുന്നു. അദേഹത്തിന്റെ ചടുലമായ പ്രസംഗംആരെയും പിടിച്ചിരുത്തുന്നതും ആവേശഭരിതരാകുന്നതും ആയിരുന്നു. അന്നത്തെ ആ പരിപാടിയോട് കൂടി ഞാൻ മനസ്സ്കൊണ്ട് പക്വതവന്ന ഒരു യുവാവായി മാറി.   

 

സ്കൂൾവിട്ട് ഞാനും അപ്പുണ്ണിയും തിരിച്ചുവരുന്ന വഴിയരികിൽ ഉള്ള  പഴയൊരു വീടിന്റ്റെ ഭിത്തിയിൽ പതിപ്പിച്ച നോട്ടീസിലേക്ക് അപ്രതീക്ഷിതമായി എന്റെ കണ്ണുകൾ ഉടക്കി. ഈവരുന്ന ചൊവ്വാഴ്ച അതായത് നാളെ 1942 സെപ്റ്റംബർ 22, മലയാളമാസം കന്നി 6, 1118 കേരള സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ബ്രിട്ടീഷ് ഗവർണറുടെ വസതിയിലേക് കാൽനടയാത്രയും, നേതാക്കളുടെ അനിശ്ചിതകാല സത്യാഗ്രഹവും ഉണ്ട്  എന്നായിരുന്നു നോട്ടീസിൽ. കെ. കേളപ്പൻ, എ. കെ ഗോപാലൻ, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, പി. കൃഷ്ണപ്പിള്ള, വക്കം മൌലവി, മുഹമ്മദ് അബ്ദുൾറഹ്മാൻ സാഹിബ് അങ്ങനെ അന്നത്തെ കേരള നേതാക്കളായിരുന്നു മാർച്ചിന് നീതൃത്വം കൊടുക്കുന്നത്. എനിക്ക് ആ നോട്ടീസ് കണ്ടതും മറിച്ചൊന്നും ആലോചികേണ്ടിവന്നില്ല, മാർച്ചിന് പോകാൻ ഞാൻ തീരുമാനിച്ചു. പക്ഷേ എങ്ങനെ പോവും, മാർച്ച് നടക്കുന്നത് കോഴിക്കോട് വച്ചാണ്, ഇവിടെന്നും വളരെ ദൂരമുണ്ട് കോഴിക്കോടേക്ക്. ഒരു ബസ്സ് കോഴിക്കോടേക്ക് പോവുന്ന അറിവുണ്ട്, പക്ഷേ ബസ്സ് എത്ര മണിക്കാണെന്നോ, എത്ര കാശ് ആവുമെന്നോ എനിക്ക് ഒരു അറിവും ഉണ്ടായിരുന്നില്ല. എന്തുചെയ്യും !! ഞാൻ ആകെ വിഷമിതനായി, എന്റെ വിഷമം കണ്ട അപ്പുണ്ണി എന്നോട് പറഞ്ഞു, “നിനക്ക് മാർച്ചിന് പോവണം അല്ലേ, പണം ആണ് പ്രശ്നം അല്ലേ, അതിന് വഴിയുണ്ട്  നീ വിഷമിക്കണ്ട“. നാളെയാണ് മാർച്ച് നടക്കുന്നത് സമയം അധികം കളയാനില്ല, വീട്ടിൽപോയാൽ ഈ പരിപാടിനടക്കില്ല. അച്ഛനും അമ്മയും പോകാൻ അനുവദികയില്ല, എതിർപ്പ് ഉള്ളതുകൊണ്ടല്ലെന്നും ഒരു കുഞ്ഞായ ഞാനെന്തുചെയ്യാനാണ് എന്ന് അവർ ചിന്തിക്കുന്നത് കൊണ്ടാണെന്നും എനിക്കറിയാം, പക്ഷേ അവർ അറിയുന്നില്ലല്ലോ ഞാൻ മനസ്സ്കൊണ്ട് പക്വത കൈവരിച്ച ഒരു യുവാവായി എന്ന്. അതുകൊണ്ടുതന്നെ വീട്ടിലേക്ക് പോകുന്നില്ലയെന്നുതീരുമാനിച്ചു. അപ്പുണ്ണി എന്നെയുംക്കൂട്ടി അവന്റെ വീട്ടിലേക്ക്പോയി, അവൻ അമ്മയോട് 20 അണ വാങ്ങി എനിക്കുത്തന്നു. വീട്ടിൽ നിന്നും അന്വേഷിച്ചുവരികയാണെങ്കിൽ ഞാൻ കോഴിക്കോട് സ്വാത്രസമരപ്രക്ഷോഭത്തിൽ പങ്കെടുക്കാൻ പോയിന്നുപറയണം എന്ന് അപ്പുണ്ണിയോടും അവന്റെ അമ്മയോടും പറഞ്ഞേൽപ്പിച്ച് കൈയിലുള്ള പുസ്തകവും സ്ലേറ്റും അവിടെ വച്ചു അവരോട് യാത്രപറഞ്ഞ് അവിടെനിന്നും ഇറങ്ങി.


 സ്കൂളിന് തോട്ടടുത്താണ് ബസ്സ്സ്റ്റോപ്പ്, അവിടെച്ചെന്ന് ആരോടെങ്കിലും ബസ്സിന്റെ സമയം അന്വേഷിക്കാം എന്ന്കരുതി അങ്ങോട്ട്നീങ്ങി. പോകുന്ന വഴിക്ക് ബസ്സ് സ്റ്റോപ്പിന്സമീപം ചായക്കട നടത്തുന്ന നാരായണേട്ടനെ കണ്ടു. അദേഹം എന്തൊ ആവിശ്യത്തിന് വേണ്ടി വീട്ടിൽപോയി തിരിച്ചു കടയിലേക് പോവുകയാണ്, അദേഹത്തിന്റെ അടുത്തുചെന്ന് കോഴിക്കോട്ടെകുള്ള ബസ്സിന്റെ കാര്യം തിരക്കി ആർക്കാണെന്ന് ചോദിച്ചപ്പോൾ ഞങ്ങളുടെ ഒരു ബന്ധുവിനാണെന്ന് കള്ളം പറഞ്ഞു. ബസ്സ് ഇന്ന് ഇല്ലെന്നും ഉച്ചയ്ക്ക് പോയിഎന്നും നാരായണേട്ടൻ പറഞ്ഞവസാനിപ്പിക്കുബോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. അദേഹം അതും പറഞ്ഞ് നടന്നുനീങ്ങി, ഞാൻ ആകെ ആസ്വസ്ഥനായി എന്തു ചെയ്യണം എന്നറിയാതെ ആ വഴിയരികിൽ അങ്ങനെ നിന്നു, എന്തുവന്നാലും ഞാൻ പിന്നോട്ടില്ല എന്ന് ഉറപ്പിച്ച് മുന്നോട്ട് നടന്നു. പരിപാടി നടക്കുന്നത് കോഴിക്കോട് കടപ്പുറത്തുവച്ചാണ് ഇവിടെനിന്ന് 80 കി.മി കൂടുതൽ ദൂരം കാണും. മനസ്സിനെ ദ്രിഡപ്പെടുത്തി മുന്നോട്ട് നടന്നു. എങ്ങനെയാണ് പൊവേണ്ടതെണോ എങ്ങോട്ടാണ് പൊവേണ്ടതെണോ ഒന്നും അറിയില്ല മുന്നോട്ട് നടക്കുക തന്നെ. അങ്ങനെ നടന്നുപോവുന്നതിനിടയ്ക്കാണ് ദാമുഏട്ടന്റെ കാളവണ്ടി ആ വഴിവന്നത്, എന്നെകണ്ടതും ദാമുയേട്ടൻ കാളവണ്ടി നിർത്തി, എന്നെ വിളിച്ചു “കുട്ടാ നീ എങ്ങോട്ടാ”, കലങ്ങിയ കണ്ണുകളോടെ ഞാൻ പറഞ്ഞു കോഴിക്കോട് പോവാണ് ദാമുയേട്ടാ നാളെ അവിടെ നടക്കുന്ന പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ. അതുകേട്ടതും കാളവണ്ടിയിൽ നിന്നും ചാടിയിറങ്ങി ദാമുയേട്ടൻ എന്റെ കൈക്കുപ്പിടിച്ചു “ എന്റെ കുട്ടാ എന്താ നീ പറയുന്നെ, നീ ചെറിയാകുട്ടിയല്ലേ, നിനക്ക് പറഞ്ഞപ്പണിയല്ല ഇത്, നീ വീട്ടിലേക് തിരിച്ചുപോണം എന്നൊക്കെ പലതും പറഞ്ഞു എന്നെ നീരുത്സാഹപ്പെടുത്താൻ ശ്രമിച്ചു. പക്ഷേ ഞാൻ ഒന്നിനും വഴങ്ങിയില്ല എന്റെ ദ്രിഡനിശ്ചയത്തിന് മുന്നിൽ ദാമുയേട്ടൻ തോറ്റു അദേഹത്തിന് എന്നോട് വലിയ ആദരവ് തോന്നി. “ഞാനും കോഴിക്കോട്ടേക്കുതന്നെയാണ്, പലചരക്ക് സാധനങ്ങൾ എടുക്കാന് പോകുകയാണ്, നീയും എന്റെ കൂടെപൊന്നോളു". അതുകേട്ടതും ഞാൻ ആകെ പ്രസന്നവദനനായി വിഷമങ്ങൾ മാറി,  കാളവണ്ടിയിൽ കേറി ഇരിക്കാൻ ദാമുയേട്ടൻ എന്നോട് പറഞ്ഞു, ഞാനത് അനുസരിച്ചു. ഞാൻ ഒരായിരംവട്ടം ആദേഹത്തോടുള്ള എന്റെ  നന്ദിയും കടപ്പാടും മനസ്സിൽപ്പറഞ്ഞു. ഞങ്ങൾ യാത്രതുടർന്നു “ഇപ്പോവിട്ടാൽ നാളെ ഉച്ചയോടെയേ കോഴിക്കോടെത്തു, ആട്ടെ കുട്ടന് കോഴിക്കോട് എവിടെയാണ് പോവാണ്ടത് എന്ന് ദാമുയേട്ടൻ ചോദിച്ചു , കോഴിക്കോടെ കടപ്പുറത്തുവച്ചാണ് പ്രക്ഷോഭംനടക്കുന്നത് എന്ന് ഞാൻ പറഞ്ഞു. താൻ ആവഴിയാണ് പോവുന്നതെന്നും അവിടെ ഇറക്കിത്തരാമെന്നും വാക്കുനൽകി. 

 


 യാത്രയ്ക്കിടയിൽ പ്രക്ഷോഭത്തെക്കുറിച്ചുള്ള കാര്യങ്ങൾ ദാമുയേട്ടൻ ചോദിച്ചറിഞ്ഞു, ഞാൻ എന്നിക്കറിവുന്നതെല്ലാം അദേഹത്തിന് വിവരിച്ചുകൊടുത്തു, പിന്നീട് അദേഹം എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു ഒന്നിലും എന്റെ മനസ്സ് നിന്നില്ല, നാളെ നടക്കാൻ പോവുന്ന പ്രക്ഷോഭത്തെക്കുറിച്ചായിരുന്നു മനസ്സ്നിറയെ. സൂര്യൻ അസ്തമിച്ചുതുടങ്ങി പതിയെ വെളിച്ചം മാറി ഇരുട്ട് പരക്കാൻ തുടങ്ങി, ദാമുയേട്ടൻ എന്നെ തട്ടിവിളിച്ചു “കുട്ടാ നീ ആ റാന്തൽ ഒന്നെടുക്ക് തീപ്പെട്ടിയും അവിടെത്തന്നെ ഉണ്ട്” ഞാൻ അതെടുത്ത് ദാമുയേട്ടന് കൊടുത്തു, അദേഹം ആ റാന്തൽ വിളക്ക് കത്തിച്ച് അടുത്തുവച്ചിട്ടുള്ള ഒരു മുളംങ്കോലിൽ തൂക്കിയിട്ടു, ഇരുട്ടത്തു ഈ ഒരുവെളിച്ചം എനിക്ക് വളരെ ആശ്വാസംതന്നു. “ആന്ധകാരത്തെ അകറ്റാൻ ചെറിയൊരു  ഒരു തിരി വെട്ടം മതി അല്ലേ”, എന്നെകൊണ്ടും എന്തെങ്കിലും സാധിക്കും അല്ലേ  ഞാൻ എന്നോട് തന്നെപറഞ്ഞു. സ്ഥിരമായി പോവുന്നതുകൊണ്ട് ദാമുയേട്ടന് വഴികൾ നല്ല പിടുത്തമാണ് കാളകൾക്കും. നാഴികകൾ പിന്നെയും പിന്നിട്ടു, എല്ലായിടത്തും ഇരുട്ട് പരന്നു ആകാശത്ത് ഞങ്ങൾക്ക് വഴികാട്ടിയായി ചെറിയൊരു നിലാവെളിച്ചം തന്ന് ചന്ദ്രൻമാത്രം ഉണ്ട് കൂട്ടിന്. “കുട്ടാ നീ വല്ലതും കഴിച്ചോ, നീ ആ പൊതിയോന്നെടുക്ക് ദാമുയേട്ടനാണ് പറഞ്ഞത് ഞാൻ എടുത്തുകൊടുത്തു, പൊതിയിൽനിന്നും രണ്ട് ബന്ന് ദാമുയേട്ടൻ എനിക്കുതന്നു ഞാനത് മുഴുവനുംകഴിച്ചു ദാമുയേട്ടനും അതിൽ നിന്നും എടുത്തുകഴിച്ചു. കുറച്ചുവെള്ളം കുടിച്ച് ഞാൻ ആകാശത്തേക്ക് ചന്ദ്രനെയും നിലാവെളിച്ചത്തെയും നോക്കി ഇരുന്നു. അവിടെ ഇരുന്ന ഒരു തുണി എനിക്ക് തന്ന് ദാമുയേട്ടൻ പറഞ്ഞു “ കൂട്ട നീ ഉറക്കംകളയേണ്ട കിടന്നോളൂ, എനിക്ക് ഇതൊക്കെ ഒരു ശീലമായി”, എന്നുംപറഞ്ഞ് ആ തുണി എന്റെ നേരെനീട്ടി, ഞാനതുവാങ്ങി തുണിപ്പുതച്ചു കിടന്നു. പെട്ടെന്നാണ് അമ്മയുടെയും അച്ഛന്റെയും മുഖം മനസ്സിലേക്ക് ഓടിവന്നത് അതുവരെ എന്റെചിന്തമുഴുവൻ സ്വതന്ത്ര്യസമരവും നാളെ നടക്കാൻപോവുന്ന പ്രക്ഷോഭത്തെക്കുറിച്ചും ആയിരുന്നു, മനസ്സിൽ വിഷമത്തിന്റെ ചെറുകണങ്ങൾ പൊട്ടി വിരിഞ്ഞു, പറയാതെവന്നതിൽ ഞാനവരോട് മാപ്പ് പറഞ്ഞു തിരിച്ചുവന്ന് എല്ലാം പറയുമ്പോൾ അവർ എന്നെക്കുറിച്ചോർത്ത് അഭിമാനിക്കും എന്ന് എന്നിക്കുറപ്പുണ്ടായിരുന്നു.  ഉറക്കം എന്നെ പുണരാൻ തുടങ്ങി.

സൂര്യപ്രകാശം മുഖത്തേറ്റാണ് ഞാൻ ഉണർന്നത്, "നീ എണീറ്റോ കുട്ടാ, ഞാൻ നിന്നെ വിളിച്ചുണർത്തണ്ടായെന്നു കരുതി". ഇറങ്ങിവാ നമുക്ക് ഇവിടെനിന്നു  പല്ലുതേച്, കുളികഴിഞ്ഞുപോവാം, അടുത്തുള്ള പുഴയെ കൈചൂണ്ടി ദാമുയേട്ടൻ പറഞ്ഞു. ഞാൻ കാളവണ്ടിയിൽ നിന്നിറങ്ങിയതും കാളകളെ നല്ല പുല്ലുള്ളഭാഗത്ത് അദ്ദേഹം കെട്ടിയിട്ടു, അവ ആർത്തിയോടെ  പച്ചപുല്ലുതിന്നാൻ തുടങ്ങി, അവർക്കുംവേണ്ടേ വിശ്രമം ഞാൻ മനസ്സിൽ കരുതി, ദീർഘയാത്രക്ക് ഒരു വിശ്രമം അനിവാര്യമാണെന്ന് എനിക്ക് തോന്നി. "ഇവിടെനിന്ന് 15  കി.മി ദൂരം കൂടിയേയുള്ളു കോഴിക്കോട് കടപ്പുറത്തേക്ക്", വണ്ടിയിൽ സൂക്ഷിച്ച ഒരു പൊതികയ്യിലെടുത്ത് അതിൽ നിന്നും കുറച്ച് ഉമിക്കരി തന്നുകൊണ്ട് ദാമുയേട്ടൻ പറഞ്ഞു.  ഞാനതു വാങ്ങി, ഞങ്ങൾ പുഴലക്ഷ്യമാക്കിനടന്നു, ഒരു നാഴികനേരം ഞങ്ങൾ അവിടെ ചെലവഴിച്ചു, പിന്നെ വീണ്ടും യാത്രതുടങ്ങി. ആ വിശ്രമം മനസ്സിനും ശരീരത്തിനും പുത്തൻ ഉണർവ്വ്നൽകി. നേരം ഉച്ചയോടടുത്തപ്പോൾ ഞങ്ങൾ കോഴിക്കോട് കടപ്പുറത്തെത്തി , അപ്പോഴേക്കും നാടിന്റെ നാനാ ഭാഗങ്ങളിൽനിന്നും ജനങ്ങൾ അവിടെ എത്തിത്തുടങ്ങിയിരുന്നു. ദാമുയേട്ടൻ എന്നെ അവിടെ ഇറക്കി, അദ്ദേഹത്തിന് എന്നെ അവിടെ തനിചാക്കി പോവാൻ വല്ലാത്ത ബുദ്ധിമുട്ട്, “ നീ ചെറിയകുട്ടിയല്ലേ കുട്ടാ എങ്ങനെ തിരിച്ചുവരും” ആദ്ദേഹം ഇടറിയ ശബ്ദത്തിൽ ചോദിച്ചു. ഞാൻ തിരിച്ചു ബസ്സിൽ വന്നുകൊള്ളാമെന്നും എന്റെ കൈയിൽ 20 അണ ഉണ്ടെന്നും പറഞ്ഞു സമാധാനിപ്പിച്ചു, അദ്ദേഹത്തിന് ധൈര്യം കൊടുത്തു. വിഷമത്തോടെയാണെങ്കിലും എന്നെ അവിടെ ആക്കി അദ്ദേഹം ചന്തയിലേക്ക് യാത്രതിരിച്ചു.

 

കടപ്പുറത്ത് ഒരു കൊടിമരത്തിൽ ത്രിവർണ്ണപതാക  പാറിക്കളിക്കുന്നുണ്ട്  ആ കൊടിമരത്തിനുചുറ്റും ആളുകൾ കൂട്ടംകൂടിത്തുടങ്ങിയിരുന്നു. ഞാനും അങ്ങോട്ടേക്ക് നീങ്ങി അവിടെയാണ് പ്രക്ഷോഭം തുടങ്ങുന്നതെന്ന് മനസ്സിലാക്കാൻ സാധിച്ചു, ഞാൻ മുന്പിൽത്തന്നെ നിലയുറപ്പിച്ചു. സമയം കഴിയുംതോറും അവിടം ഒരു ജനസാഗരമായി. അന്തരീക്ഷം മുദ്രാവാക്യങ്ങൾകൊണ്ട് മുഖരിതമായി, എങ്ങും ആവേശം മാത്രം, നേതാക്കൾ ആ ജനക്കൂട്ടത്തിനിടയിൽനിന്നും വരുന്നുണ്ട്, അവർ കൊടിമത്തിനുഅടുത്തി ജനസാഗത്തിനു അഭിമുഖമായി നിലയുറപ്പിച്ചു, എനിക്ക് അവരെ എല്ലാവരെയും വ്യക്തമായി കാണാംഎന്റെ തൊട്ടടുത്തുണ്ട് അവർ, എന്റെ ആഗ്രഹം പൂവണിഞതിന്റെ സന്തോഷത്തിൽ ഞാനും നിർവികാരനായി നിന്നു. നേതാക്കളുടെ കൂട്ടത്തിൽനിന്നും ഒരു  കുറിയമനുഷ്യൻ  എല്ലാവരോടുമായി കൈകളുയർത്തി നിശബ്ദമായി ഇരിക്കാൻ അഭ്യർത്ഥിച്ചു, അത് കേട്ടതും അനുസരണയുള്ള കുട്ടികളെപ്പോലെ ജനസാഗരം നിശ്ചലമായി,. അദ്ദേഹത്തെ കണ്ടതും കുറച്ചുമാസങ്ങൾക്കുമുമ്പ് ഞാൻ കണ്ട എന്നെ സ്വാധീനിച്ച ആ സോഷ്യലിസ്റ്റ് നേതാവിൻറെ മുഖം ഓർമവന്നു, അത്  എ.കെ.ജിയാണെന്ന് ഞാൻ മനസ്സിലാക്കി. എ.കെ.ജി എന്ന  മൂന്നക്ഷങ്ങളിൽ കേരളക്കരയാകെ പ്രസിദ്ധനായ  എ.കെ . ഗോപാലൻ. എന്നിൽ ആവേശം അണപൊട്ടിയൊഴുകി. ഞാൻ അവരുടെ ഓരോവാക്കുകൾക്കുമായി കാതുകൾ കൂർപ്പിച്ചുവച്ചു, നേതാക്കൾ അവരെ ഓരോരുത്തരെയും പരിചയപ്പെടുത്തി, കെ.കേളപ്പൻ ,എ.കെ. ഗോപാലൻ , സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, പി. കൃഷ്ണപ്പിള്ള , വക്കം മൗലവി മുഹമ്മദ് അബ്ദുൾറഹ്മാൻ സാഹിബ്, ആരാധ്യരായ നേതാക്കളെ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു ഞാൻ. 

 


കെ. കേളപ്പനായിരുന്നു ആദ്യം സംസാരിച്ചത് അദ്ദേഹം ഈ പ്രക്ഷോഭത്തിൻറെ പ്രാധാന്യത്തെക്കുറിച്ചും, ദേശീയപ്രസ്ഥാനത്തെക്കുറിച്ചും , ഗാന്ധിജിയുടെ ക്വിറ്റ് ഇന്ത്യാ മൂവ്മെന്റിനെക്കുറിച്ചും സമഗ്രമായി പ്രതിപാദിച്ചു. ആ പ്രക്ഷോഭം നടക്കുന്നത് 'ബ്രിട്ടീഷുകാർ ഇന്ത്യ വിടുക ' എന്ന മുദ്രാവാക്യത്തിലൂന്നിക്കൊണ്ടുതന്നെയാണ്, കൂടാതെ കുറച്ചുദിവസങ്ങൾക്ക് മുൻപ് ഗവർണർ മലബാർപ്രവിശ്യയിലുള്ള എല്ലാ ജനങ്ങൾക്കും ചുങ്കം ഏർപ്പെടുത്തികൊണ്ടുള്ള നിയമം പുറത്തിറക്കിയിരുന്നു.   അതിനെതിരെയും കൂടിയാണ് ഈ പ്രക്ഷോഭം. ഗവർണറുടെ വസതിയിലേക്  പ്രകടനമായിച്ചെന്ന് അവിടെ നിയമം കത്തിക്കലും, നിയമം പിൻവലിക്കുന്നതുവരെ അനിശ്ചിതകാല സത്യാഗ്രഹവും ആയിരുന്നു പദ്ധതി. ഇതെല്ലം അദ്ദേഹത്തിന്റെ പ്രസംഗത്തിൽനിന്നും എനിക്ക് മനസ്സിലാക്കാൻ സാധിച്ചു. അദ്ദേഹത്തിന്റെ പ്രസംഗംകഴിഞ്ഞ് പിന്നീട് എ.കെ.ജി, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, പി. കൃഷ്ണപ്പിള്ള, വക്കം മൌലവി, മുഹമ്മദ് അബ്ദുൾറഹ്മാൻ സാഹിബ്  എന്നിവരും ആവേശം തുളുമ്പുന്ന പ്രസംഗം കാഴ്ചവച്ചു. എല്ലാവരും ഇന്ത്യൻ സ്വാതന്ത്ര്യസമരവും, ദേശീയ പ്രസ്ഥാനങ്ങളും, കേരളത്തിലെ സ്വാതന്ത്ര്യസമരങ്ങളും, പ്രക്ഷോഭങ്ങളെക്കുറിച്ചുമായിരുന്നു പ്രതിപാതിച്ചത്. പക്ഷേ എന്നെ ഘടാതെ ആകർഷിച്ചത് എ.കെ.ജിയുടെ പ്രസംഗം തന്നെയാണ്, നാടൻ ശൈലിയിലുള്ള അദേഹത്തിന്റെ പ്രസംഗം എന്റെ ശിരകളിൽ രക്തഓട്ടംകൂട്ടി, ദേശീയ പ്രസ്ഥാനങ്ങളെക്കുറിച്ച് മാത്രമല്ല അദേഹം പ്രതിപാതിച്ചത് അന്ന് നാട്ടിൽ സർവ്വസാദാരണമായിരുന്ന ഉച്ച നീചത്വങ്ങളെ കുറിച്ചും, ജന്മിത്വ വ്യവസ്ഥിതിയെ കുറിച്ചും, തൊട്ടുകൂടായമ്മ തീണ്ടി കൂടായ്മ, സ്ത്രീകൾക്ക് എതിരായ അനീതികൾ, അങ്ങനെ അന്ന് നാട്ടിൽ ഞങ്ങൾ അനുഭവിച്ചിരുന്ന സർവ്വ അനാചാരങ്ങളെക്കുറിച്ചും, അവ എതിർക്കപ്പെടേണ്ടതിന്റെ ആവിശ്യകത ജനങ്ങൾക്ക് മനസ്സിലാക്കിതന്നു. ബ്രിട്ടീഷ് സാമ്രാജിത്വത്തെ എതിരക്കുന്നതിനോടൊപ്പം, ഇങ്ങനെ ഉള്ള അനാചാരങ്ങൾക്കെതിരായി നമ്മൾ പൊരുതണമെന്ന് അദേഹം പറഞ്ഞുവച്ചു. പ്രസംഗശേഷവും അദ്ദേഹത്തിന്റെ ഓരോവാക്കും എന്റെ കാതുകളിൽ മുഴങ്ങികൊണ്ടിരുന്നു. 

  Kerala Leaders

കോഴിക്കോട്കടപ്പുറത്ത് നിന്ന് 10 കി.മി കാൽനടയായി പോയി ഗവർണറുടെ വസതിയിൽവച്ച് നിയമം കത്തികലും, നിയമം പിൻവലിക്കുന്നത് വരെ അനിശ്ചിതകാല സത്യാഗ്രഹം നടക്കുന്നത്. പ്രസംഗങ്ങൾ അവസാനിച്ചതും കാൽനടയാത്രയ്ക്ക് തുടക്കമായി മുൻനിരയിലായി നേതാക്കൾ യാത്രയെ നയിക്കുന്നു, ജനങ്ങളെല്ലാം ആവേശഭരിതരാണ് എങ്ങും മുദ്രാവാക്യം വിളികളാൽ മുഖരിതം, “ബ്രീട്ടീഷുകാർ ഇന്ത്യവിടുക”, “Quit India”, “എന്റെ നാട് എന്റെ നാട് ഞങ്ങടെ സ്വന്തം”, അങ്ങനെയുള പല മുദ്രാവാക്യങ്ങൾ കാൽനടയാത്രയെ ഇളക്കിമറിച്ചു, കൂടാതെ വള്ളത്തോളിന്റെ “പോര പോര നാളിൽ നാളിൽ ദൂര ദൂരമുയരട്ടെ ഭാരതക്ഷമാ ഭാരതക്ഷമാദേവിയുടെ തൃപ്പതാകകൾ”, “ വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ വന്ദിപ്പിൻ വരേണ്യയെ, വന്ദിപ്പിൻ വരദയെ”, അംശി നാരായണപിള്ളയുടെ “വരിക വരിക സഹജരേ സഹനസമര സമയമായ് കരളുറച്ച് കൈകൾകോർത്ത് കാൽനടക്കു പോകനാം”, തുടങ്ങിയ ദേശസ്നേഹം സ്ഫുരിക്കുന്ന കവിതകൾ കാൽനടയാത്രയ്ക്ക് ഊർജം പകർന്നു. കാൽനടയാത്രയിൽ നേതാക്കൾക്ക് തൊട്ട് പുറകിലായി ഞാനും സ്ഥാനം പിടിച്ചു, മുഷ്ടിച്ചുരിട്ടി വാനിലേക്ക് ഉയരത്തി മുദ്രാവാക്യങ്ങൾ വിളിച്ചും, കവിതകൾ ചൊല്ലിയും ഞാനും അന്നാദ്യമായി ഒരു സമരത്തിന്റെ ഭാഗമായി. ഗവർണറുടെ വസത്തിക്ക് കിലോമീറ്ററുകൾക്ക് മുൻപ്ത്തന്നെ ബ്രിട്ടീഷ് പോലീസിന്റെ ഒരു വലിയ പട നിലയുറപ്പിച്ചിരുന്നു, ഞങ്ങളുടെ പ്രക്ഷോഭം മുൻകൂട്ടിയറിഞ്ഞിരുന്ന അവർ എല്ലാ തയ്യാറെടുപ്പോടും കൂടിയാണ് എത്തിയിരുന്നത്, ലാത്തിയും തോക്കുമേന്തി ഞങ്ങളെ നേരിടാനായി കാത്തുനിൽക്കയാണ്, സ്ത്രീകളും, പുരുഷന്മാരും, കുട്ടികളുമടങ്ങുന്ന ഞങ്ങളുടെ ആ വലിയ ജാഥ മുന്നോട്ട്തന്നെ നീങ്ങി. അന്നാദ്യമായാണ് ഞാൻ ബ്രിട്ടീഷ് പൊലീസുകാരെകാണുന്നത് കാക്കി നിക്കറും, കാക്കി ഷർട്ടും, വട്ടത്തിൽ മുകൾവശം കൂർത്ത ഒരു കാക്കിതൊപ്പിയും ആണ് വേഷം, അവരെ കാണുമ്പോൾതന്നെ ഉള്ളിൽ ഒരു ഭയം ജനിക്കും. കാൽനടയാത്ര പൊലീസുകാർക്ക് അടുതെത്താറായപ്പോൾ ഒരു പ്രകോപനവുംകൂടാതെ തന്നെ പോലീസുകാർ ഞങ്ങൾക്ക് നേരെ ലാത്തിവീശി പാഞ്ഞടുത്തു, മുന്നിലുള്ള നേതാക്കളെ അവരുടെ കൈയിലുള്ള ലത്തികൊണ്ട് അടിച്ചുവീഴ്ത്തി, നിലത്തുവീണ അവരെ തങ്ങളുടെ ഇരുമ്പുബൂട്ടിട്ട കാലുകൊണ്ട് ചവിട്ടിയരച്ചു, നിലത്തുവീണിട്ടും, രക്തം വാർന്നോലിച്ചിട്ടും നേതാക്കൾ  മുദ്രാവാക്യം വിളിച്ചുകൊണ്ട് അവരെ പ്രതിരോധിച്ചു, പോലീസുകാരുടെ ആക്രമണം അസഹിനീയമായപ്പോൾ ജനങ്ങളും അവരവർക്ക് കൈയിൽകിട്ടിയതുകൊണ്ട് പൊലീസുകാരെ പ്രതിരോധിച്ചു , നിരവധി പേർ പോലീസിന്റെ അടിയേറ്റ് രക്തംവാർന്നൊലിച്ച് ഒലിച്ച് നിലത്തുവീണു, ആ സമയത്ത്തന്നെയാണ് കുറച്ചുപോലീസുകാർ നേതാക്കളെ വളഞ്ഞ് ആക്രമണം നടത്തിയത്, ലാത്തികൊണ്ട് അവരെ അടിച്ച്അവശരാക്കി, ദേഹമാസകലം രക്തത്തിൽ കുളിച്ചുകിടന്ന അവരെ അറസ്റ്റ്ചെയ്ത് അവിടുന്നുനീക്കി. അതിനിടയിലാണ് ഒരു കൊമ്പൻമീശക്കാരനായ പോലീസുകാരന്റെ ശ്രദ്ധയിൽ ഞാൻപ്പെടുന്നത്. “എടാ നളിന്ത്ചെക്കാ നിനക്കെന്താടാ ഇവരുടെകൂട്ടത്തിൽ കാര്യം“ എന്നുപറഞ്ഞുകൊണ്ട് ലാത്തിയെടുത്ത് എന്റെ വലതുതുട ലക്ഷ്യമാക്കി ആഞൊരടി, ആ അടിയേറ്റ് പുളഞ്ഞഞാൻ നിലത്തുവീണു, തുടയെല്ലുപോട്ടി രക്തം വാർന്നൊലിക്കുന്നുണ്ടായിരുന്നു, അസഹ്യമായ വേദന കടിച്ചമർത്തികൊണ്ട് ഞാൻ മുദ്രാവാക്യം വിളിക്കാൻതുടങ്ങി, “ബ്രിട്ടീഷുകാർ ഇന്ത്യ വിടുക”, “ഈനാട് ഞങ്ങളുടേതാണ് “, എന്നിങ്ങനെ ഞാൻ എന്റെ തൊണ്ടപോട്ടുമാറ് ഉച്ചത്തിൽ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. അരിശംപൂണ്ട ആ പോലീസുകാരൻ വീണ്ടും ലാത്തിഎടുത്ത് സരവശക്തിയുമെടുത്ത് എന്റെ തലയ്ക്ക് ആഞൊരടി, ആ അടിയുടെ ആഘാതത്തിൽ ഞാൻ കമഴ്ന്നുവീണു. കണ്ണുകളിൽ ഇരിട്ടുകേറി, തലയിൽനിന്നും രക്തംവാർന്നൊലിച്ചു കൊണ്ടിരുന്നു, ഇരുട്ടുവ്യാപിച്ചു കണ്ണുകൾ അടഞ്ഞു. 




ആരോ എന്നെ ശക്തമായി പിടിച്ചുകുലുക്കുന്നത് പോലെ തോന്നിയാണ് ഞാൻ കണ്ണുതുറന്നത്, നോക്കിയപ്പോൾ വളരെ പരിബ്രമിച്ച് കരഞ്ഞുകണ്ണുകലങ്ങി പേടിച്ചിരുണ്ട മുഖവുമായി എന്റെ ഭാര്യ എന്റെ അടുത്തിരുന്ന് എന്നെ പിടിച്ചുകുലുക്കുകയാണ്. അവൾ നന്നേപേടിച്ചിരിക്കുന്നു, ഒരുപാടുനേരം വിളിച്ചിട്ടും ഞാൻ ഉണരാതെയായപ്പോൾ അവൾ കാരഞ്ഞുനിലവിളിച്ചിട്ടുണ്ടാവണം അതാണ് ആ മുഖത്ത് നിഴലിക്കുന്നത്. അങ്ങനെ നിൽക്കുന്ന അവളോട് ഞാൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ട് വരുന്നതാണെന്ന് എങ്ങനെപ്പറയും. ഞാൻ കണ്ണുതുറന്നതും അവളുടെ മുഖംതെളിഞ്ഞു പ്രകാശഭരിതമായി “നിങ്ങൾ പേടിപ്പിച്ചുകളഞ്ഞല്ലോ മനുഷ്യാ..,  എന്റെ ജീവൻപോയി, ഇങ്ങനെയുണ്ടോ ഒരു ഉറക്കം” എന്നുംപറഞ്ഞ് തർക്കിച്ചിട്ട്, ഒരു നെടുവീർപ്പിട്ട് ആശ്വാസത്തോടെ അവൾ  എനിക്ക് ചായ എടുക്കാനായി അടുക്കളയിലേക്ക് പോയി. അപ്പോഴും ഞാൻ സമരതീഷ്ണതയിലായിരുന്നു, മുദ്രാവാക്യംവിളികളും, നിലവിളികളും, പോലീസ് ലാത്തിയുടെ ശബ്ദവും അപ്പോഴും എന്റെ കാതുകളിൽ നിറഞ്ഞുനിൽക്കുന്നുണ്ടായിരുന്നു, പതുക്കെ ആ  ശബ്ദങ്ങളെല്ലാം കുറഞ്ഞുവന്നു, എന്റെ മുഖം തെളിഞ്ഞു, ഒരു ചെറുപുഞ്ചിരിയുമായ് കിടക്കയിലനിന്നും എഴുന്നേറ്റു “സ്വതത്രസമരത്തിൽ പങ്കെടുക്കാൻ സാധിച്ചതിന്റെ ചാരിതാർത്ഥത്തിൽ”. സ്വപ്നത്തിൽ ആണെങ്കിൽ പോലും..